കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ പോലീസുകാർക്കെതിരെ നടന്ന അക്രമത്തിനു പിന്നിലുള്ള വികാസ് ഡൂബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസിന് നേരെ വെടിയുതിർത്ത് ദയാശങ്കർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാലിന് വെടിവെച്ച് പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി പിടികൂടുകയായിരുന്നു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം.ഇയാളിൽ നിന്നും നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം കാൺപൂരിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ദയാശങ്കർ അഗ്നിഹോത്രിയും പ്രതിയാണ്. വികാസ് ഡൂബെയെ പോലീസ് പിടികൂടാൻ വരുന്നുണ്ടെന്ന വിവരം മുമ്പേ ലഭിച്ചിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ദയാശങ്കർ അഗ്നിഹോത്രി സമ്മതിച്ചു.അതേസമയം, കൊടുംകുറ്റവാളി വികാസ് ഡൂബെയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും ഇയാളുടെ സംഘത്തിൽപ്പെട്ട 18 പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപയും പാരിതോഷികമായി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post