സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധത്തെപ്പറ്റി ചോദ്യങ്ങൾ വരുന്നതിനിടയിൽ കെ എസ് രാധാകൃഷ്ണന്റെ പോസ്റ്റ് വൈറലാകുന്നു.സംശയത്തിന് നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രി അഗ്നിശുദ്ധി വരുത്തണമെന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പോസ്റ്റിന്റെ വിശദാംശങ്ങളിലേക്ക്.
ചെട്ടിമിടുക്ക് കാണിച്ചാലും മുഖ്യമന്ത്രീ, ചരക്ക് ഗുണം മെച്ചമല്ല. മുഖ്യമന്ത്രി അഗ്നിശുദ്ധി വരുത്തണം മുഖ്യമന്ത്രീ, അങ്ങ് സംശയത്തിന്റെ നിഴലിൽ അല്ല; അങ്ങയെ ഞങ്ങൾ സംശയിക്കുന്നു. അങ്ങ് അറിയാതെ സ്വപ്ന സുരേഷിന്, അങ്ങ് നേരിട്ട് ഭരിക്കുന്ന ഐ.ടി. വകുപ്പിൽ ഉന്നത പദവിയിൽ ജോലി കിട്ടി എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വഭാവമറിയാവുന്ന ഒരാളും വിശ്വസിക്കുകയില്ല. എത്ര മാധ്യമ ഉപദേഷ്ടാക്കളും ബഹുജന സമ്പർക്ക വിദഗ്ദ്ധരും ഉണ്ടെങ്കിലും അവർ എത്രമാത്രം ചെട്ടിമിടുക്ക് കാണിച്ചാലും ചരക്ക് ഗുണം മെച്ചമല്ലാത്തതുകൊണ്ട് തന്നെ അങ്ങയെ ഇതിൽ നിന്നും കരകയറ്റാനുമാകില്ല. അങ്ങയുടെ ഐ. ടി. സെക്രട്ടറി, അങ്ങറിയാതെ കാര്യങ്ങൾ ചെയ്യുന്നു എന്ന്, അങ്ങ് എത്ര പറഞ്ഞാലും അങ്ങ് അടക്കം ആരും അത് വിശ്വസിക്കില്ല. കണ്ണൂർ കമ്മ്യൂണിസ്റ്റ് മുഷ്ക്കും, പി ആർ ചെട്ടിമിടുക്കും സാംസ്കാരിക ന്യായീകരണ തൊഴിലാളി വൃന്ദവും എത്ര ശ്രമിച്ചാലും വിജയിക്കുകയില്ല. അങ്ങ് അറിയാതെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഐ. ടി. സെക്രട്ടറി തന്റെ ഇഷ്ടക്കാരിയെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ഉന്നതിയിൽ നിയമിച്ചത് അങ്ങയുടെ പാർട്ടിക്കാരെങ്കിലും അങ്ങയോടു പറഞ്ഞിരിക്കുമല്ലോ! മുഖ്യമന്ത്രിയുടെ വകുപ്പിൽ ഉയർന്ന പദവിയിൽ ഒരാളെ നിയമിക്കുമ്പോൾ സ്വഭാവദാർഢ്യ സാക്ഷ്യപത്രം അനിവാര്യമായും നേടിയിരിക്കണം. ആൾമാറാട്ടത്തിനും വ്യാജ രേഖ നിർമ്മാണത്തിനും സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ കുറ്റ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അങ്ങയുടെ വകുപ്പിൽ നിയമിക്കുമ്പോൾ പോലീസ് ഇന്റലിജൻസ് വിഭാഗം അക്കാര്യം അങ്ങയെ അറിയിച്ചിരിക്കും. അങ്ങയുടെ തോളോട് ചേർന്ന് പടങ്ങളിൽ കാണുന്ന സ്ത്രീ ആരാണെന്ന് അങ്ങയുടെ വിശ്വസ്തനായ ഐ. ടി. സെക്രട്ടറി അങ്ങയെ അറിയിക്കുകയും ചെയ്തിരിക്കണം. എന്നിട്ടും താനൊന്നുമറിഞ്ഞില്ല എന്ന അങ്ങയുടെ നിഷ്കളങ്ക നാട്യം അങ്ങയെ കൂടുതൽ സംശയഗ്രസ്ഥനാക്കി. കളവ് കൈയോടെ പിടിക്കപ്പെടുമ്പോൾ കളവ് മുതൽ തിരികെ നൽകിയാൽ കുറ്റകൃത്യം ഇല്ലാതാകില്ല. അതുപോലെ സ്വർണ്ണ കള്ളക്കടത്തിന് സംശയിക്കപ്പെട്ട് ഒളിവിൽ പോയപ്പോൾ അവരെ സർവീസിൽ നിന്നും നീക്കം ചെയ്തതുകൊണ്ട് മാത്രം സാക്ഷാൽ ശിവശങ്കരന് പോലും ഐ. ടി. സെക്രട്ടറിയെ രക്ഷപ്പെടുത്താനാകില്ല. ഒന്നുകിൽ, മുഖ്യമന്ത്രി അങ്ങ് അങ്ങയുടെ സെക്രട്ടറിയെ പുറത്താക്കി നിയമ വാഴ്ച ഉറപ്പാക്കണം; അല്ലെങ്കിൽ അദ്ദേഹം സ്വയം രാജിവെച്ചൊഴിയണം. തിടുക്കത്തിൽ, തിരുവനന്തപുരത്ത് മുപ്പൂട്ട് ഏർപ്പെടുത്തിയത് കൊണ്ട് മാത്രം, സ്വർണ്ണ കള്ളക്കടത്തുകാർക്ക് താവളമൊരുക്കിയതിന്റെ പേരിൽ അങ്ങയ്ക്ക് എതിരെ ഉയരുന്ന ജനരോഷത്തിൽ നിന്നും അങ്ങയ്ക്കു രക്ഷപ്പെടാനാകില്ല, കള്ളക്കടത്ത് സാമ്പത്തിക തീവ്രവാദമാണ്;അങ്ങ് അതിനെ പ്രോത്സാഹിപ്പിക്കരുത്. യു.എ.ഇ. നയതന്ത്ര ഓഫീസ് വഴിയുള്ള ഈ സ്വർണ്ണ കള്ളക്കടത്ത് ഒരു സ്വപ്ന സുരേഷ് മാത്രം വിചാരിച്ചാൽ നടക്കുന്ന ഒരു കാര്യമല്ല. യു. എ. ഇ. നയതന്ത്ര കാര്യാലയത്തിലെ പലരുടെ സഹായവും ഇവർക്ക് ലഭിച്ചിരിക്കണം. ഈ സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ ഇന്ത്യയിലും അറബ് രാജ്യങ്ങളിലും സ്വാധീനമുള്ള രാഷ്ട്രീയ/വ്യവസായ മേഖലയിലെ വൻ സ്രാവുകൾ ഉണ്ട്. അവരെ കൂടി പുറത്ത് കൊണ്ടുവരാൻ മുൻകൈ എടുത്ത്, മുഖ്യമന്ത്രീ അങ്ങ് അഗ്നിശുദ്ധി വരുത്തണം. എഴുത്തച്ഛന്റെ രാമായണം വായിച്ചിട്ടുള്ള അങ്ങയ്ക്കു അഗ്നിശുദ്ധിയുടെ അർത്ഥം അറിയാമല്ലോ?
ഡോ. കെ.എസ്. രാധാകൃഷ്ണൻ.
https://www.facebook.com/872292676193678/posts/3197882026968053/
Discussion about this post