പത്തനംതിട്ട: ഉത്ര വധക്കേസിൽ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കുറ്റമേറ്റുപറഞ്ഞ് മുഖ്യപ്രതി സൂരജ്. അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റമേറ്റു പറഞ്ഞത്. ഞാനാണ് കൊന്നത്. ഞാനാ ചെയ്തത്. ചെയ്ത് പോയി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. അങ്ങനെ ചെയ്ത് പോയി”, എന്നാണ് സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്.
കൊലപാതകത്തിന്റെ കാരണവും പ്രേരണയും ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ”അങ്ങനെ ചെയ്ത് പോയി, അങ്ങനെയൊന്നുമില്ല”, എന്നായിരുന്നു സൂരജ് പറഞ്ഞത്. കൊലപാതകത്തിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സൂരജ് പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോടെയാണോ പാമ്പിനെ വാങ്ങിയത് എന്ന ചോദ്യത്തിന് ”ഉം, അതെ”, എന്ന് സൂരജ് പറയുന്നു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതിൽ പങ്കുണ്ടോ എന്ന ചോദ്യത്തിനെല്ലാം ഇല്ല എന്നായിരുന്നു മറുപടി.
കൊല്ലാനാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് കൂട്ടുപ്രതിയായ സുരേഷ് പറഞ്ഞു.
കേസിൽ സൂരജിന്‍റെ അച്ഛൻ ഇപ്പോൾ റിമാൻഡിലാണ്. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ പരസ്യമായി പ്രതി കുറ്റം സമ്മതിച്ചത് നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.












