മാണ്ഡ്യ: മാണ്ഡ്യക്ക് സമീപം ഗുട്ടാലുവിലെ ശ്രീ അർക്കേശ്വര ക്ഷേത്രത്തിനുള്ളിൽ മൂന്ന് പൂജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗണേശ്, പ്രകാശ്, ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടം കൊണ്ട് അടിച്ച് തല തകർത്ത നിലയിൽ കാണപ്പെട്ട മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അസമയത്ത് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മോഷണ ശ്രമമാകാം കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാണിക്ക വഞ്ചികൾ തകർത്ത മോഷ്ടാക്കൾ പണവുമായി കടന്നു കളയുകയായിരുന്നു. നാണയങ്ങളും വഞ്ചികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. നോട്ടുകൾ മോഷ്ടാക്കൾ കൊണ്ടു പോയതാകാമെന്ന് പൊലീസ് പറയുന്നു.
ക്ഷേത്രത്തിൽ പൂജ ചെയ്തു വരികയായിരുന്ന മൂന്ന് പേരും ബന്ധുക്കളാണ്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ക്ഷേത്ര പരിസരത്ത് തന്നെയാണ് ഇവർ താമസിച്ചിരുന്നത്. മൂന്ന് പേരും ഉറക്കത്തിൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ചെറുത്തു നിൽപ്പിന്റെ ലക്ഷണങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നിൽ മൂന്നിലധികം പേർ ഉണ്ടായിരിക്കാമെന്നും സംശയിക്കുന്നു.
ഫൊറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാണെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.








