ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ച തദ്ദേശീയ എയർ-എയർ മിസൈലായ ‘അസ്ത്ര’ കൂടുതൽ ശേഷിയോടെ പുറത്തിറങ്ങുന്നു. ശത്രുവിമാനങ്ങളെ കണ്മുന്നിൽ കാണാതെ തന്നെ ആകാശത്തുവെച്ച് തകർക്കാൻ കഴിയുന്ന ‘ബിവിആർ’ (Beyond Visual Range) വിഭാഗത്തിൽപ്പെട്ട ഈ മിസൈലിന്റെ പുതിയ പതിപ്പിന് 300 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടാകും. ‘പ്രോജക്ട് ഗാണ്ഡീവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അസ്ത്ര മാർക്ക്-3 പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ദീർഘദൂര ആക്രമണങ്ങളിൽ വലിയ മേൽക്കോയ്മ ലഭിക്കും.
നിലവിൽ വ്യോമസേനയുടെ ഭാഗമായ അസ്ത്ര മാർക്ക്-1 മിസൈലിന് ഏകദേശം 100 മുതൽ 110 കിലോമീറ്റർ വരെയാണ് പ്രഹരശേഷിയുള്ളത്. ഇതിന്റെ പരിധി 160 കിലോമീറ്ററാക്കി ഉയർത്താനുള്ള ശ്രമങ്ങളും ഒപ്പം നടക്കുന്നുണ്ട്. ഇതിന് പുറമെ 200 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്ര മാർക്ക്-2 പതിപ്പിന്റെ പരീക്ഷണങ്ങൾ വ്യോമസേന വിജയകരമായി തുടരുകയാണ്. റഷ്യൻ നിർമ്മിത സുഖോയ്-30, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് എന്നീ യുദ്ധവിമാനങ്ങളിൽ നിന്ന് അസ്ത്ര മിസൈൽ ഇതിനോടകം വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്.
അത്യാധുനിക റേഡിയോ ഫ്രീക്വൻസി സീക്കർ, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവ അടങ്ങിയ ഈ മിസൈൽ ലോകത്തിലെ തന്നെ ഏറ്റവും വിനാശകാരിയായ വ്യോമാക്രമണ ആയുധങ്ങളിലൊന്നാണ്. റാംജെറ്റ് സാങ്കേതികവിദ്യയുടെ കരുത്തിലാണ് അസ്ത്ര മാർക്ക്-3 വികസിപ്പിക്കുന്നത്. ഇത്തരം അത്യാധുനിക ദീർഘദൂര മിസൈലുകൾ സ്വന്തമായി നിർമ്മിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കാൻ ഡിആർഡിഒയുടെ ഈ പദ്ധതിക്ക് സാധിച്ചു.








