ന്യൂഡൽഹി : ആര്യസമാജം നേതാവും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിനു മരണം സംഭവിച്ചത്. 80 വയസ്സായിരുന്നു. സ്വാമി അഗ്നിവേശിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു മുതൽ വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
സ്വാമി അഗ്നിവേശ് ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.വേദിക് സോഷ്യലിസം (1974), ഹിന്ദുയിസം ഇൻ ന്യൂ ഏജ് (2005), റിലീജിയൻ റവല്യൂഷൻ ആൻഡ് മാർക്സിസം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.








