ഗാസിപ്പൂർ : ഉത്തർപ്രദേശ് എംഎൽഎ മുക്താർ അൻസാരിക്കെതിരെ ഗ്യാങ്ങ്സ്റ്റർ ആൻഡ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം കേസെടുത്ത് ഗാസിപ്പൂർ പോലീസ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിറങ്ങുന്നതിനു മുമ്പ് യു.പിയിലെ അധോലോക നായകനായിരുന്ന മുക്താർ അൻസാരി, അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ കഴിഞ്ഞ മാസം യു.പി സർക്കാർ പൊളിച്ചു നീക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി. ഭൂമി കയ്യേറൽ, കള്ളപ്പണം സൂക്ഷിക്കൽ എന്നിവയാണ് എംഎൽഎയ്ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ.
മുക്താർ അൻസാരിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ അഫ്ഷ അൻസാരി, സഹോദരന്മാരായ അൻവർ ഷഹസാദ്, ഷാർജിൽ റാസ എന്നിവർക്കെതിരെയും ഗാസിപൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഗാസിപ്പൂർ എസ്.പി ഒ.പി സിംഗ് വ്യക്തമാക്കി.








