തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്ജ്ജുന്, ദൃക്സാക്ഷി കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐയുടെ തീരുമാനം.
അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പരിശോധനയ്ക്ക് സമ്മതമാണോയെന്ന് ആരായാന്‍ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സമ്മതമറിയിച്ചാല്‍ കോടതി നുണ പരിശോധനയ്ക്ക് അനുമതി നല്‍കും.
അതേസമയം, ബാലഭാസ്കറിന്റെ സുഹൃത്തും, സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്പ് ബാലഭാസ്കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫന്‍ നേരത്തെ പറഞ്ഞിരുന്നു. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post