കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. ഫൈസലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. രണ്ട് ആഴ്ചയ്ക്കകം ഹാജരാകണമെന്നാണ് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
36 മണിക്കൂര്‍ നീണ്ട കസ്റ്റഡിയ്ക്ക് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. ഫൈസലിന്റെ മൊഴി പരിശോധിച്ചും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനും ശേഷമായിരിക്കും ഫൈസലിനെ കസ്റ്റംസ് ഇനി ചോദ്യം ചെയ്യുക.
കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഉച്ചയ്ക്ക് ശേഷം എത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയില്‍ ഫൈസലിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ട്.
ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു സന്ദീപിന്റെ ഭാര്യയുടെ മൊഴി.
സ്വര്‍ണ്ണക്കടത്ത് കേസിലാണ് ഫൈസലിനെ വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തത്.പുലര്‍ച്ച തന്നെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്.
നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡി.ആര്.ഐ പ്രതി ചേര്‍ത്തിരുന്നു. ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്.
Discussion about this post