ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ്മയും മഹാരാഷ്ട്ര ഗവര്‍ണർ ഭഗത് സിംഗ് കോഷ്യാരിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചര്‍ച്ചാവിഷയമായത് ലൗ ജിഹാദ് എന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ഗവര്‍ണറും വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ്മയും കൂടിക്കാഴ്ച നടത്തിയത്.
വിവാദമായ തനിഷ്ക് പരസ്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ലൗ ജിഹാദിനെപ്പറ്റി ഇരുവര്‍ക്കുമിടയില്‍ സംസാരം നടന്നതെന്ന് ഒരു ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്ന വിഷയം രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചു. സമ്മതത്തോടെയുള്ള ഇന്റര്‍-ഫെയ്ത്ത് വിവാഹങ്ങളും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ വിഷയത്തില്‍ വളരെ ശ്രദ്ധ ആവശ്യമാണെന്നും രേഖ പറഞ്ഞുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചയ്ക്ക് ശേഷം ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി വനിത കമ്മീഷന്റെ ഔദ്യോഗിക ട്വിറ്ററിൽ പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ സുരക്ഷയും, കോവിഡ് സെന്ററുകളും, ലൗ ജിഹാദ് കേസുകളിലെ വര്ദ്ധനയെപ്പറ്റിയുമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു ട്വീറ്റ്.
Discussion about this post