ഡല്‍ഹി: ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്സിനായ കൊവാക്സിന് 2021 ജൂണില്‍ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക്ക്. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന് പിന്നാലെയാണ് വാക്സിന് അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അറിയിച്ചത്.
ജൂണില്‍ വാക്സിന് വിതരണം ചെയ്യാമെന്നാണ് കരുതുന്നതെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സിന് അടിയന്തര ഉപയോഗത്തിന് നല്‍കുമെന്നും സായ് പ്രസാദ് പറഞ്ഞു.
വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് റഷ്യയും ചെെനയും നിലവില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃഗങ്ങളില്‍ നടത്തിയ ഒന്ന് രണ്ട് ഘട്ട പരീക്ഷണങ്ങള്‍ മികച്ച ഫലം കാഴ്ചവച്ച സാഹചര്യത്തിലാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ ഭാരത് ബയോടെക്കിന് ഡി.സി.ജി.ഐ അനുമതി നല്‍കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത മാസം മുതല്‍ 26,000 സന്നദ്ധപ്രവര്‍ത്തകരിലാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ കമ്പനി ഒരുങ്ങുന്നത്. എന്നാല്‍ വാക്സിന്റെ വില സംബന്ധിച്ച കാര്യങ്ങളില്‍ കമ്പനി വ്യക്തതവരുത്തിയിട്ടില്ല. ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉത്പാദനചെലവ്, നിക്ഷേപം, ആവശ്യമായ ഡോസുകളുടെ എണ്ണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വാക്സിന്റെ വിലനിര്ണയിക്കുകയെന്നും സായ് പ്രസാദ് പറഞ്ഞു.
Discussion about this post