ന്യൂഡൽഹി : കശ്മീരിലെ രാഷ്ട്രീയ പ്രവർത്തകർ വിഘടനവാദികളെക്കാൾ അപകടകാരികളാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നേരത്തെ, ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുടെ ദേശീയ പതാക അംഗീകരിക്കുകയുള്ളുവെന്ന പ്രസ്താവനയുമായി മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തു വന്നിരുന്നു.
ഇതിനു പിന്നാലെയാണ് വിഘടനവാദികളേക്കാൾ അപകടകാരികളാണ് കശ്മീരി രാഷ്ട്രീയ പ്രവർത്തകരെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. ജമ്മു കശ്മീരിൽ അധികാരത്തിലിരുന്ന സമയത്ത് ‘ഭാരത് മാതാ കി ജയ്’ എന്ന് ഉച്ചത്തിൽ പ്രതിജ്ഞ ചെയ്തിരുന്ന മെഹ്ബൂബ മുഫ്തി അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിലെ ക്രമസമാധാനം തകർക്കുകയാണ് മെഹബൂബ മുഫ്തിയുടെ ഉദ്ദേശമെന്നും എന്നാൽ, അവരുടെ ഉദ്ദേശം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ 14 മാസം നീണ്ട വീട്ടുതടങ്കൽ അവസാനിച്ചതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജമ്മുകശ്മീരിനു പ്രത്യേക പദവി തിരിച്ചു നൽകാതെ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുകയോ ദേശീയ പതാക അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന പ്രസ്താവന മെഹബൂബ മുഫ്തി നടത്തിയത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) പ്രസിഡന്റാണ് മെഹബൂബ മുഫ്തി.
Discussion about this post