ലക്നൗ : പ്രശസ്ത ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ കോർപതിയിലെ ചോദ്യത്തിന്റെ പേരിൽ പരിപാടിയുടെ അവതാരകനും നടനുമായ അമിതാഭ് ബച്ചനെതിരെ കേസ്. ഹിന്ദുമത വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് അമിതാഭ് ബച്ചനെതിരെ കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത കോൻ ബനേഗാ കോർപതിയിൽ 1927 ഡിസംബർ 25 ന് ഡോ. അംബേദ്കറും അനുയായികളും ചേർന്ന് കത്തിച്ച പുസ്തകമേതാണെന്ന ചോദ്യം അമിതാഭ് ബച്ചൻ ചോദിച്ചിരുന്നു. ഇതാണ് ഇപ്പോൾ ബച്ചനെ കുരുക്കിലാക്കിയിരിക്കുന്നത്. വിഷ്ണുപുരാണം, ഭഗവത്ഗീത, ഋഗ്വേദം, മനുസ്‌മൃതി എന്നീ ഓപ്ഷനുകൾ നൽകിയിരുന്ന ചോദ്യത്തിന്റെ ഉത്തരം മനുസ്‌മൃതിയാണ്. ഉത്തരം പറഞ്ഞതിനു ശേഷം, ബച്ചൻ അംബേദ്കർ മനുസ്മൃതി കത്തിച്ച സംഭവം പരിപാടിയിൽ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ബച്ചനെതിരെ പരാതികളുയർന്നത്.
ഇതിന്റെ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുക കൂടി ചെയ്തതോടെ ബച്ചനെതിരെ ചിലർ ക്യാമ്പയിനും ആരംഭിച്ചിരുന്നു. അമിതാഭ് ബച്ചൻ ഇടത് പ്രചാരണം നടത്തുന്നു, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നെല്ലാം ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണുയരുന്നത്.









