ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷവും കോൺഗ്രസും ഒരുമിച്ച് മത്സരിക്കും. സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന് അംഗീകാരം നൽകിയിരുന്നു.
ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗം ഇടത് സഖ്യത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ബിഹാറിലെ തകർച്ച കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലവും പാർട്ടി പരിശോധിച്ചു. ഇതോടെയാണ് ഇടത് സഖ്യത്തിന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അനുമതി നൽകിയത്.
എന്നാൽ ബംഗാളിൽ ഇടത് പക്ഷത്തിന്റെ സ്ഥിതിയും മെച്ചമല്ല. തൃണമൂലും ബിജെപിയും സംസ്ഥാനത്ത് വൻ വളർച്ച കൈവരിച്ച സാഹചര്യത്തിൽ ഇടത് പക്ഷത്തിന് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ബംഗാളിൽ വൻ തകർച്ച നേരിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടത് പാർട്ടികൾ ബംഗാളിൽ തോറ്റ് തുന്നം പാടിയിരുന്നു.
മറുവശത്ത് തൃണമൂലും ബിജെപിയും വാശിയേറിയ പോരാട്ടത്തിലാണ്. ഇടത് നേതാക്കളും തൃണമൂൽ നേതാക്കളും കൂട്ടത്തോടെ ബിജെപിയിൽ ചേരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി കോൺഗ്രസ് സംസ്ഥാനത്ത് അപ്രസക്തമാണ്.
Leave a Comment