ന്യൂഡൽഹി: കേന്ദ്രത്തിൽ കരുത്തരായ മന്ത്രിമാർ ഉള്ളപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ആരെയും ഭയക്കേണ്ടതില്ലെന്ന് ലഡാക്ക് എംപി ജയംഗ് സെറിങ് നംഗ്യാൽ.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിംഗും ഒപ്പം അമിത് ഷായുമുള്ളപ്പോൾ രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും ബാഹ്യശക്തികൾക്ക് തൊടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയംഗ് സെറിങ് നംഗ്യാൽ.
“കേന്ദ്രത്തിൽ കരുത്തരായ മന്ത്രിമാരുള്ളപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ആശങ്ക വേണ്ട. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ലഡാക്കിലെ ജനങ്ങൾക്ക് ആദ്യമായി തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായി. ലഡാക്കിലായാലും അരുണാചൽ പ്രദേശിലായാലും അതിർത്തികൾ സുരക്ഷിതമാണ്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്”- അദ്ദേഹം കൂട്ടിച്ചേർത്തു.










