ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസിൽ കുരുക്ക് മുറുക്കി ഡൽഹി പൊലീസ്. ടൂൾ കിറ്റുമായി ബന്ധപ്പെട്ട് പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്. ടൂൾ കിറ്റ് നിർമ്മിക്കാൻ ഉപയോഗിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് ഡൽഹി പൊലീസ് ഗൂഗിളിന് കത്തയച്ചു.
ടൂൾ കിറ്റ് നിർമ്മാണത്തിന് ഉപയോഗിച്ച രണ്ട് ഇ-മെയിൽ ഐഡികൾ, ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട്, ഒരു യു ആർ എൽ എന്നിവയുടെ വിവരങ്ങളാണ് ഡൽഹി പൊലീസ് തിരയുന്നത്. നികിത ജേക്കബിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് സംഘം അവരുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കി ആവശ്യമുള്ള തെളിവുകൾ ശേഖരിച്ചതായാണ് വിവരം.
അതേസമയം കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ബോദ്ധ്യമായതോടെ അറസ്റ്റ് ഭയന്ന് പരക്കം പായുകയാണ് നികിത ജേക്കബും ശന്തനുവും എന്നാണ് വിവരം. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നികിത ജേക്കബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു.
നേരത്തെ ടൂൾ കിറ്റ് നിർമ്മിച്ചത് നിഷേധിച്ച ദിശ രവി, പൊലീസിന്റെ ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ കീഴടങ്ങിയതായാണ് വിവരം. ടൂൾ കിറ്റിലെ രണ്ട് വരികൾ എഡിറ്റ് ചെയ്തത് താനാണെന്ന് ഇവർ കോടതിയിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദിശ രവിയെ പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.










