മുംബൈ: പ്രതിമാസം 100 കോടി രൂപ ഹോട്ടലുകളിലും ബാറുകളിലും നിന്നു പിരിച്ചു നൽകാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടെന്ന മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരിനെതിരെ കരുനീക്കം ശക്തമാക്കി ബിജെപി. പൊലീസിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ച മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ടു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും മഹാരാഷ്ട്ര സർക്കാരിലെ ക്രമക്കേടുകളെക്കുറിച്ചു സമഗ്രാന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയോട് ആഭ്യന്തരമന്ത്രി കോടികൾ ആവശ്യപ്പെട്ടെന്ന് ആരോപണം ഉയർന്ന ദിവസം മന്ത്രി മുംബൈയിൽ ആയിരുന്നില്ലെന്നും കോവിഡ് ബാധിച്ച് നാഗ്പുരിൽ ആശുപത്രിയിൽ ആയിരുന്നെന്നുമുള്ള എൻസിപി അധ്യക്ഷന്റെ വാദം ആരോ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നുമാണെന്നു പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഫെബ്രുവരി 17ന് മുംബൈയിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ മന്ത്രി ദേശ്മുഖ് എത്തിയിരുന്നു എന്നാണു പൊലീസ് രേഖകളെന്നും 24ന് അദ്ദേഹം മന്ത്രാലയത്തിലുണ്ടായിരുന്നു എന്നും ഫഡ്നാവിസ് പറയുന്നു. 15ന് മന്ത്രി സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിരുന്നെന്ന പ്രചാരണവുമുണ്ട്.
കേന്ദ്രമന്ത്രിയും എൻഡിഎ സഖ്യകക്ഷിയായ ആർപിഐയുടെ നേതാവുമായ രാംദാസ് അഠാവ്ലെയും പ്രകാശ് അംബേദ്ക്കറും മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഗവർണർ ഭഗത് സിങ് കോഷിയാരിയെ ഈ ആവശ്യമുന്നയിച്ച് പ്രകാശ് അംബേദ്കർ സന്ദർശിക്കുകയും ചെയ്തു.
സുശാന്ത് സിങ്, നടന്റെ മുൻ മാനേജർ ദിഷ സാലിയാൻ, ദാദ്ര നഗർ ഹവേലിയിൽനിന്നുള്ള ലോകസഭാംഗം മോഹൻ ദേൽകർ, മൻസുഖ് ഹിരൺ എന്നിവരുടെ മരണം സംബന്ധിച്ച് അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടെന്നും,മഹാരാഷ്ട്ര സർക്കാർ കാര്യമായ നടത്തിയിട്ടില്ലെന്നും പ്രകാശ് അംബേദ്കർ കുറ്റപ്പെടുത്തി. പരംബീർ സിങ് വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കുറ്റവാസനയുള്ളവരാണ് സർക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post