കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുടെ ഭാഗമായി എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദര്‍ശകർക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയില്‍ രോഗി സന്ദര്‍ശനം കഴിവതും ഒഴിവാക്കണമെന്നും, സന്ദശകര്‍ വരുന്ന പക്ഷം രണ്ട് ഡോസ് വാക്സിന് എടുത്തവരോ, ആര്.ടി.പി.സി.ആര് പരിശോധന ഫലം നെഗറ്റിവ് ആയവരോ ആയിരിക്കണമെന്നുമുള്ള നടപടികളാണ് അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.
ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമെ അനുവദിക്കുകയുള്ളു. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ജനറല്‍ മെഡിസിന്, പള്‍മനോളജി ഒ.പികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. മറ്റു ഒ.പികളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ 11 മണി വരെ ആയി ക്രമീകരിച്ചു. ഒ.പി കളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ചെറിയ അസുഖങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചികിത്സ തേടണം. തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ ചീട്ട് പ്രകാരം പരമാവധി രണ്ടു മാസത്തേക്കുള്ള മരുന്ന് ലഭ്യത അനുസരിച്ച് ഫാര്‍മസിയില്‍ നിന്ന് നല്‍കും, ഇതിന് കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കള്‍ വന്നാല്‍ മതിയാകും.
ആശുപത്രിയിലും പരിസരങ്ങളിലും കൂട്ടം കൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചു. ആശുപത്രി ക്യാന്റീനില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗീത നായര്‍ പറഞ്ഞു.
Discussion about this post