കണ്ണൂർ: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞിരിക്കുന്നത്.
അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. അതേസമയം, വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായിരിക്കുന്നത്.
അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. വാതക ചോര്‍ച്ചയുള്ളതിനാല്‍ പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മംഗലാപുരത്തു നിന്നും വാതകവുമായി കൊച്ചിയിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. ടാങ്കറിന്റെ മൂന്നിടങ്ങളില്‍ ചോര്‍ച്ചയുണ്ടെന്നാണ് വിവരം.











