മൂവാറ്റുപുഴ: രാത്രിയുടെ മറവിൽ വീടുകളുടെ ഗേറ്റുകളിലും പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടുന്ന അജ്ഞാതന്റെ സാന്നിധ്യം മൂവാറ്റുപുഴയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. മൂവാറ്റുപുഴ നഗരസഭയിലെ 9, 10 വാർഡുകളിൽ ഉൾപ്പെടുന്ന ഇരുപതോളം വീടുകളിലാണ് അസാധാരണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാവുംകര, ഫ്രഷ് കോള, മാർക്കറ്റ് മേഖലകളിലെ വീടുകളിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഗേറ്റുകളിലും മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും ഹാൻഡിൽ, ബ്രേക്ക് ലിവറുകൾ എന്നിവയിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉദ്ദേശ്യം വ്യക്തമാകാത്തത് പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ കുഴയ്ക്കുന്നുണ്ട്.
തുടക്കത്തിൽ മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും കാട്ടിയ കുസൃതിയാകാം ഇതെന്ന് കരുതിയെങ്കിലും വീടുകൾ തിരഞ്ഞെടുത്ത രീതിയും സംഭവത്തിന്റെ ആവർത്തനവുമാണ് ജനങ്ങളിൽ ഭീതി വർധിപ്പിച്ചത്. കാവുംകര ഭാഗത്ത് മാത്രം അടുത്തടുത്തുള്ള ഒൻപതോളം വീടുകളിലാണ് സമാനമായ രീതിയിൽ ടൈകൾ കെട്ടിയിരിക്കുന്നത്. മോഷണസംഘങ്ങൾ വീടുകൾ അടയാളപ്പെടുത്താൻ നടത്തുന്ന പുതിയ തന്ത്രമാണോ അതോ മറ്റ് എന്തെങ്കിലും ക്രിമിനൽ ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ടോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മൂവാറ്റുപുഴ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ചുള്ള നിർണായക സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.












