വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണന്‍ (98) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പുതുച്ചേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സാഹിത്യ ലോകത്ത് ‘കി രാ’ എന്ന പേരിലായിരുന്നു കി രാജനാരായണന്‍ അറിയപ്പെട്ടിരുന്നത്.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ ഫോക്ലോര്‍ വിഭാഗത്തിലെ പ്രൊഫസറായിരുരുന്നു രാജനാരായണന്‍. ചെറുകഥകള്‍, നോവലുകള്‍, നാടോടികഥകള്‍, ലേഖനങ്ങള്‍ എന്നീ മേഖകളിലെല്ലാം അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
1923 സെപ്റ്റംബര്‍ 14ന് തമിഴ്നാട്ടിലെ കോവില്‍പട്ടിക്കടുത്തുള്ള ഇടൈസെവല്‍ ഗ്രാമത്തിലാണ് കി.രാ ജനിച്ചത്. 1989ല്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു.1958ല്‍ പ്രസിദ്ധീകരിച്ച ‘മായാമാന്‍’ വ്യാപകമായി ശ്രദ്ധ നേടിയ പുസ്തകമാണ് . 1991 ല്‍ ‘ഗോപാലപുരത്ത് മക്കള്‍’ എന്ന നോവലിലൂടെ സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളിലേക്ക് കുടിയേറിയ തെലുങ്ക് ജനതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലായിരുന്നു ഇത്. ജന്മദേശമായ കോവില്‍പ്പെട്ടിക്ക് സമീപത്തെ ചുറ്റുമുള്ള വരള്‍ച്ച ബാധിച്ച ഭൂമിയായ കരിസാലിനെ അടിസ്ഥാനമാക്കിയ കഥകളാണ് കി രാ കൂടുതലും എഴുതിയിരുന്നത്.
1998 മുതല്‍ 2002 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഉപദേശക സമിതി അംഗമായിരുന്നു. 2003ല്‍ പ്രസിദ്ധീകരിച്ച ‘കിഡായ്’ എന്ന ചെറുകഥ ‘ഒരുത്തി’ എന്ന തമിഴ് ചിത്രമായി നിര്‍മിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി രാജനാരായണന്‍ കിടപ്പിലായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പുതുച്ചേരി ലഫ്റ്റണന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.









