അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രധാന ലക്ഷ്യം യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് . അത്തരത്തിൽ യോഗയുടെ പ്രാധാന്യത്തെകുറിച്ച് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒപ്പം മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്കിടുകയുണ്ടായി.
‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.’ അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആശംസകൾ അർപ്പിച്ചു.
2021 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം ‘യോഗ ഫോർ വെൽ ബീയിംഗ്’ എന്നതാണ്. സമ്മർ സോൾസ്റ്റിസ് എന്നറിയപ്പെടുന്ന ദിനം ജൂൺ 21 ആണ്. ഉത്തരാർത്ഥ ഗോളം സൂര്യന്റെ നേർക്ക് നിൽക്കുന്ന സമയമാണ്. സൂര്യൻ വടക്കു നിന്ന് ദക്ഷിണ മേഖലയിലേക്ക് നീങ്ങിത്തുടങ്ങുന്ന സമയം എന്നും പറയാറുണ്ട്. ഇതാണ് ഈ ദിവസം അന്താരാഷ്ട്ര യോഗദിനമായി തെരഞ്ഞെടുത്തതിന് പിന്നിലെ ശാസ്ത്രീയ കാരണം.












