ജെയ്സാല്‍മിര്‍: രാജസ്ഥാനില്‍ ചാരവൃത്തിയെന്ന് സംശയിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന യുവാവിനെ സൈനിക രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജെയ്സാല്‍മീറിലെ ബസന്‍പീര്‍ ഗ്രാമവാസി ഭായ് ഖാനാണ് പിടിയിലായത്.
ജെയ്സാല്‍മീറിലെ സൈനിക ക്യാമ്പിന് സമീപം കാന്‍റീന്‍ നടത്തിയിരുന്ന ഇയാള്‍ ഇതിന്റെ മറവിലാണ് ചാരവൃത്ത നടത്തിയിരുന്നതെന്നാണ് സംശയം. വെള്ളിയാഴ്ച സൈനിക ക്യാമ്പിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട ഇയാളെ രഹസ്യാന്വേഷണ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.
ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ശ്രീലങ്ക, പാകിസ്താന്, ലണ്ടന്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംശയകരമായ നിരവധി ഫോണ്‍ നമ്പറുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.








