ബംഗലൂരു: ഒരു വർഷത്തിന് ശേഷം വീണ്ടും വിചിത്ര ശബ്ദം കേട്ടത് ബംഗലൂരു നഗരത്തെ പരിഭ്രാന്തിയിലാക്കുന്നു. ദക്ഷിണ ബംഗലൂരുവിൽ അൽപ്പസമയം മുൻപാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. സൂപ്പർ സോണിക് ജറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്.
വ്യോമസേന ജെറ്റില്‍ നിന്നുള്ള സോണിക് ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ബംഗലൂരുവിൽ സമാനമായ ശബ്ദം കേട്ടിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പടർന്നു പിടിച്ചിരുന്നു. എന്നാൽ ബംഗലൂരു വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണിതെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകന്നിരുന്നു.
കഴിഞ്ഞ വർഷം കേട്ടതിന് സമാനമായ ശബ്ദമാണ് ഇന്നും ഉണ്ടായതെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ നിജസ്ഥിതി അറിയാൻ കാത്തിരിക്കുകയാണ് ബംഗലൂരുവിലെ ജനങ്ങൾ.








