ഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഡീസൽ വില കുറഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഡീസലിന് വില കുറയുന്നത്. വിവിധ നഗരങ്ങളിൽ 18 മുതൽ 25 പൈസവരെയാണ് ഇന്ന് വില കുറഞ്ഞത്.
കേരളത്തിൽ 20 പൈസയാണ് ഒരു ലിറ്റർ ഡീസലിന് കുറഞ്ഞത്. ഒരു മാസം മാറ്റമില്ലാതെ തുടർന്നശേഷം ബുധനാഴ്ചയാണ് ഡീസൽ വില കുറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലും 18 മുതൽ 25 പൈസവരെ ലിറ്ററിന് കുറഞ്ഞു.
ഡൽഹിയില്‍ ഒരു ലിറ്റർ ഡീസലിന് 89.27 രൂപയാണ്. മുംബൈ- 96.84 രൂപ, കൊൽക്കത്ത 92.32 രൂപ, ബെംഗളൂരു- 94.65 രൂപ, ചെന്നൈ- 93.84 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഡീസൽ വില. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിലുണ്ടായ കുറവാണ് രാജ്യത്തും വില കുറയാൻ കാരണം.
അതേസമയം പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 34 ദിവസമായി പെട്രോൾ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ജൂലൈ 17നാണ് ഏറ്റവും ഒടുവിൽ പെട്രോൾ വില വർധിച്ചത്.







