വാഷിംഗ്ടണ്‍ : തീവ്രവാദ സംഘടനയായ ഐസിസിന് വേണ്ടി സാമ്പത്തിക സഹായം നല്കിയ കേസില്‍ ദമ്പതികൾക്ക് യു എസ് കോടതി ശിക്ഷ വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന 40 കാരനായ ഷാഹിദുല്‍ ഗഫാറിനെയും 35 കാരിയായ ഭാര്യ നബില ഖാനെയുമാണ് രണ്ട് വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
നബില ഖാന്റെ രണ്ട് സഹോദരങ്ങള്‍ക്ക് ഐസിസില്‍ ചേരുന്നതിനായി സിറിയയില്‍ പോകുവാന്‍ സാമ്പത്തിക സഹായം ദമ്പതികൾ നല്‍കിയതായി കോടതി കണ്ടെത്തി. ഭീകരസംഘടനയില്‍ ചേരുവാനുള്ള നബില ഖാന്റെ സഹോദരന്മാരുടെ ശ്രമങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാട്ടിലുള്ള സഹോദരിയോട് സ്വര്‍ണം വിറ്റ് സഹോദരന്റെ ആഗ്രഹം നിറവേറ്റുന്നതിനുള്ള പണം നല്കാന് നബില ഖാന് ആവശ്യപ്പെട്ടു.
ഇത് കൂടാതെ മറ്റൊരു സഹോദരനെ 2014 ജൂണ്‍ മുതല്‍ 2015 ഫെബ്രുവരി വരെ പെന്‍സില്‍വാനിയയില്‍ കൂടെ താമസിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും, പിന്നീട് ഇയാള്‍ക്ക് സിറിയയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ഇതെല്ലാം അമേരിക്കയുടെ സുരക്ഷയെ ഹാനികരമായി ബാധിക്കുന്നതാണെന്ന് കണ്ടെത്തിയാണ് ദമ്പതികളെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ ഇവരെ അമേരിക്കയില്‍ നിന്നും നാട് കടത്തും.
Discussion about this post