തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ളാസ് ആരംഭിക്കുന്നത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളിച്ച് ഒരു ബാച്ചായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ളാസ്. അതേസമയം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളി മൂന്ന്, നാല് സെമസ്റ്റര്‍ ക്ളാസുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊളളിച്ചാകും ക്ളാസ്.
സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിന് പ്രാധാന്യം നല്‍കാം. ക്ളാസ് സമയം എങ്ങനെയെന്ന് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഒറ്റ സെഷന് 8.30 മുതല്‍ 1.30 വരെയും അല്ലെങ്കില്‍ 9 മുതല്‍ 3.30 വരെയോ, 10 മുതല്‍ 4 വരെയോ എന്ന സമയക്രമത്തിലാകണം. ഓണ്‍ലൈന്‍ ഓഫ്ലൈന് രീതിയില്‍ സമ്മിശ്രമായ രീതിയില്‍ ക്ളാസുകള്‍ കൈകാര്യം ചെയ്യാനാകും. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ കോളേജില്‍ ഹാജരാകണം. എന്നാല്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ തടസമുണ്ടാകാത്ത തരത്തില്‍ ഓഫ്ലൈന് അദ്ധ്യാപകരുടെ എണ്ണം ക്രമപ്പെടുത്തി വേണം ഇത്. ഒരു വയസില്‍ താഴെ പ്രായമുളള കുട്ടികളുളളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുളളവര്‍ എന്നിങ്ങനെയുളള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post