സേലം: തമിഴ്‌നാട് സേലം ജില്ലയിലെ കൊങ്കനാപുരത്ത് കാന്‍സര്‍ ബാധിതനായ കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കേസില്‍ ലോറി ഡ്രൈവറായ പെരിയസാമി, ഭാര്യാ സഹോദരന്‍ വെങ്കിടേശന്‍, ഫാര്‍മസിസ്റ്റ് പ്രഭു എന്നിവരാണ് അറസ്റ്റിലായത്.
പെരിയസാമിയുടെ രണ്ടാമത്തെ മകന്‍ വണ്ണത്തമിഴന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കാന്‍സറുമായി പൊരുതുകയായിരുന്നു. ചികിത്സയ്ക്കു പണമില്ലാത്തതിനാലും, കാലില്‍ ട്യൂമര്‍ വന്ന മകന്റെ വേദന കണ്ടുനില്‍ക്കാന്‍ സാധിക്കാത്തതുമാണ് കൊലപാതകത്തിന് കാരണമെന്ന് പെരിയസാമി പൊലീസിനോട് പറഞ്ഞു.കഴിഞ്ഞദിവസം ഭാര്യ ശശികലയ്‌ക്കൊപ്പം കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോയി മടങ്ങിയതിന് പിന്നാലെയാണ് വിഷം കുത്തിവച്ചത്.
ഗ്രാമത്തിലെ ഫാര്‍മസിസ്റ്റിന്റെ സഹായത്തോടെയാണ് ഉറങ്ങാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് കുട്ടിയുടെ ശരീരത്തില്‍ കുത്തി വച്ചത്.കുട്ടിയുടെ പെട്ടെന്നുള്ള മരണത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയാണു മരണകാരണമെന്ന് വ്യക്തമായതോടെ പെരിയസാമി, ഭാര്യാ സഹോദരന്‍ വെങ്കിടേശന്‍, ഫാര്‍മസിസ്റ്റ് പ്രഭു എന്നിവര്‍ അറസ്റ്റിലായി. വെങ്കിടേശനും കൊലപാതക വിവരം അറിയാമായിരുന്നു.








