ഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ഭീകരാക്രമണം നടക്കുന്ന ജമ്മു കാശ്‌മീരില്‍ ഇന്നും ഭീകരാക്രമണം. ഇഡ്ഗയില്‍ ഭീകരര്‍ വഴിയോര കച്ചവടക്കാരനായ നാട്ടുകാരനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. രണ്ട് അദ്ധ്യാപകരെ കൊലപ്പെടുത്തിയ ശേഷം ഇഡ്‌ഡയില്‍ നടക്കുന്ന അക്രമമാണിത്.
ശ്രീനഗറില്‍ രണ്ട് പൊലീസുകാരെ വധിച്ച സംഭവത്തില്‍ പ്രതിയായ ലഷ്‌കര്‍ തലവന്‍ ഉമര്‍ മുഷ്‌താഖ് ഖാന്‍ഡെ ഉള്‍പ്പടെ രണ്ടുപേരെ സൈന്യം പാംപോരയില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. സൈന്യത്തിന്റെ ലിസ്‌റ്റില്‍ പെട്ട ഭീകരനാണ് ഉമര്‍ മുഷ്‌താഖ്.
പാംപോരയില്‍ ഡ്രാംഗ്‌ബാലില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. പൊലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഇവിടെ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന അറിവ് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലായത്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചു.
ഏറ്റുമുട്ടലിനിടെ കാണാതായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ക്കായി പൂഞ്ചില്‍ സൈന്യം ഊര്‍ജിതമായി തിരച്ചില്‍ നടത്തുന്നുണ്ട്. ഇവിടെ ആക്രമികളായ ഭീകരരെ കണ്ടെത്താന്‍ സൈനികവിന്യാസം ശക്തിപ്പെടുത്തി.








