കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ‘ടീം ബ്ലാക്ക്ലീറ്റ്സ്’ എന്ന പേരിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സന്ദേശവും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെബ്സൈറ്റിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. വെബ്സൈറ്റിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയതാണോ, സർക്കാർ സംവിധാനങ്ങളിലെ മറ്റ് ഡിജിറ്റൽ സേവനങ്ങളെയും ആക്രമണം ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ സർക്കാർ ഉത്തരവുകൾ, അറിയിപ്പുകൾ, ഡയറക്ടറികൾ തുടങ്ങിയ വിവിധ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കുന്ന പ്രധാന ഡിജിറ്റൽ സംവിധാനങ്ങളിലൊന്നാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലും സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ളതും സി-ഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെയും വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ ഉള്ളടക്ക നിയന്ത്രണത്തോടെയും പ്രവർത്തിക്കുന്നതുമാണ്.









