ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ രാഷ്ട്രീയ കോലാഹലങ്ങൾ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് പഞ്ചാബിൽ നിന്ന് പുറത്തുവരുന്നത്. ക്യാപ്റ്റൻ അമരീന്ദർ തന്നെയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. പഞ്ചാബിന്റെ താൽപ്പര്യാർത്ഥം ഒരു പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് ട്വീറ്റ്.
ഭാരതീയ ജനതാ പാർട്ടിയുമായുള്ള സഖ്യം തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ ഭാവി സുരക്ഷിതമാകുന്നതുവരെ വിശ്രമിക്കില്ലെന്നും ക്യാപ്റ്റൻ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിന്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു.
ഇന്ന് പഞ്ചാബിന്റെ സുരക്ഷയും സമാധാനവും അപകടത്തിലാണ്. കോൺഗ്രസിൽ തനിക്ക് നേരിടേണ്ടിവന്നത് കടുത്ത അപമാനമാണെന്നും അമരീന്ദർ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷക താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് കർഷകരുടെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണെങ്കിൽ 2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്ന് പ്രവർത്തിക്കും. ഇതിനോടൊപ്പം സമാനചിന്താഗതിയുള്ള മറ്റ് പാർട്ടികളുമായി സഖ്യം ചേരുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു
2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ദിന്ദ്സ, ബ്രഹ്മപുര വിഭാഗങ്ങൾ പോലുള്ള സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ഒരു സഖ്യം ആലോചിക്കുന്നു. കോൺഗ്രസ്, ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്നില്ല. “പഞ്ചാബിന് രാഷ്ട്രീയ സ്ഥിരതയും ആന്തരികവും ബാഹ്യവുമായ ഭീഷണികളിൽ നിന്നുള്ള സുരക്ഷിതത്വം ആവശ്യമാണെന്നും അമരീന്ദർ വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബർ 18നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ധുവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി








