മുംബൈ: മംഗല്യസൂത്രത്തിന്റെ പരസ്യത്തിന് അർദ്ധ നഗ്ന മോഡലുകളെ ഉപയോഗിച്ച ഫാഷൻ ഡിസൈനർക്കെതിരെ പരാതി നൽകി ബിജെപി. സംഭവത്തിൽ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിക്കെതിരെ മഹാരാഷ്ട്ര ബിജെപി ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഇത് പതിനഞ്ച് ദിവസത്തിനകം പിൻവലിക്കണം എന്നുമാണ് ബിജെപിയുടെ ആവശ്യം.
പരസ്യത്തിൽ മോഡലുകൾ പുരുഷന്മാരുമായി ഇഴുകി ചേർന്നാണ് നിൽക്കുന്നത്. മംഗല്യസൂത്രമണിഞ്ഞ മോഡൽ കറുത്ത ബ്രേസിയർ ധരിച്ച് ഷർട്ടിടാത്ത പുരുഷന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. ഇത് ഹിന്ദു സമൂഹത്തിനാകെയും ഹിന്ദു വിവാഹത്തിന് പ്രത്യേകിച്ചും അപമാനകരമാണെന്ന് ബിജെപി നോട്ടീസിൽ പറയുന്നു.
വധൂവരന്മാർ മരണം വരെ ഒരുമിച്ച് കഴിയും എന്ന പവിത്രമായ വാഗ്ദാനത്തിന്റെ ദൈവീകമായ പ്രതീകമാണ് മംഗല്യസൂത്രം. ഇതിനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നത് പ്രകോപനപരമാണെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. പരസ്യം പിൻവലിക്കുക മാത്രമല്ല, മുഖർജി ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
Discussion about this post