ഡൽഹി: സൂചിയില്ലാ കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉദ്പാദകരായ സൈഡസ് കാഡില. മൂന്ന് ഡോസുള്ള വാക്സിന്റെ ഒരു ഡോസ് 265 രൂപ നിരക്കിൽ നൽകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ട്. അന്തിമ തീരുമാനം ആയിട്ടില്ല.
സൈകോവ്- ഡി എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ കുത്തിവെക്കാൻ സൂചി ആവശ്യമില്ല. പകരം വേദനരഹിതമായ ഒരു ജെറ്റ് ഇജക്ടറാണ് ഉപയോഗിക്കുന്നത്. ഇതിന് മാത്രം 93 രൂപയാണ് വില.
നേരത്തെ, മൂന്ന് ഡോസുകൾക്കുമായി 1900 രൂപയാണ് അഹമ്മദാബാദ് ആസ്ഥാനമായ കമ്പനി ആവശ്യപ്പെട്ടിരുന്നത്. 28 ദിവസം വീതമുള്ള ഇടവേളകളിലാണ് വാക്സിൻ എടുക്കേണ്ടത്. തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യ സൂചിരഹിത ഡി എൻ എ വാക്സിനാണ് സൈകോവ് ഡി.
നിലവിൽ കൊവിഷീൽഡ് ഡോസിന് 205 രൂപയ്ക്കും കൊവാക്സിൻ ഡോസിന് 215 രൂപയ്ക്കും സംഭരിച്ചാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്.









