കെലന്തൻ : മലേഷ്യന്‍ സംസ്ഥാനമായ കെലന്തനില്‍ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് അംഗീകാരം നല്കിയ നിയമം നടപ്പിലാക്കി തുടങ്ങി. ടാറ്റൂ അടിക്കുന്നതും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതും ഇനി കുറ്റകരമാണ്. മൂന്ന് വര്‍ഷം തടവ് ആയിരിക്കും ശിക്ഷയായി ലഭിക്കുക. 2021 നവംബര്‍ 1-ന് പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വന്ന കെലന്തന്‍ ശരീയത്ത് നിയമപ്രകാരം ഇനിമുതല്‍ ഇസ്ലാമില്‍ നിന്നും മതം മാറാന്‍ ശ്രമിക്കുന്നതും റമദാന് മാസത്തെ പരിഹസിക്കുന്നതും കുറ്റകരമാകും.
സംസ്ഥാനത്തെ ശരീയത്ത് കോടതികള്‍ക്ക് ഒരു പ്രത്യേക കുറ്റകൃത്യങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാനും വിധിക്കാനുമുള്ള അധികാരം ഉണ്ടായിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അഹമ്മദ് യാക്കോബ് വ്യക്തമാക്കി. ഇവരുടെ പരിധിയില്‍ വരുന്ന കേസുകള്‍ക്ക് ജയില്‍വാസം, ചൂരല്‍ അടി എന്നിവയായിരിക്കും ശിക്ഷ. മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുക, റമദാന് മാസത്തെ അനാദരിക്കുക എന്നിവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടും. ഇവയ്ക്കെല്ലാം ഒന്നുങ്കില്‍ തടവറയോ അല്ലെങ്കില്‍ ചാട്ടവാറടിയോ ആകും ശിക്ഷ. ശരീയത്ത് നിയമത്തിന്റെ പരിധിയില്‍ വരുന്ന പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം :
1. മന്ത്രവാദം.
2. നെക്രോഫീലിയ (മൃതദേഹവുമായുള്ള ലൈംഗിക പ്രവര്‍ത്തനം).
3. മനുഷ്യേതര ലൈംഗികത
4. വ്യാജ അവകാശവാദങ്ങളും ആരോപണങ്ങളും.
5. റമദാന് മാസത്തെ അനാദരിക്കുന്നത്.
6. ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം.
7. ഇസ്ലാമില്‍ നിന്ന് മതം മാറാനുള്ള ശ്രമം.
8. ഇസ്ലാമിക മതപഠനങ്ങള്‍ തെറ്റായി പഠിപ്പിക്കുക.
9. മാതാപിതാക്കളെ അനുസരിക്കാതിരിക്കുക.
10. ടാറ്റൂ അടിക്കുന്നത്.
11. നിഷിദ്ധവിവാഹം (രക്തബന്ധമുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്).
12. ഹലാല്‍ ലോഗോ ദുരുപയോഗം ചെയ്യുക.
മുകളില്‍ പറഞ്ഞിരിക്കുന്ന ഈ പ്രവൃത്തികളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ സംസ്ഥാനത്തെ ഇസ്ലാമിക കോടതികളില്‍ വിചാരണയ്ക്ക് വിധേയരാക്കും. ശരീയത്ത് നിയമപ്രകാരം കേസെടുത്ത ഇവരെ വിചാരണയ്ക്കൊടുവില് പരമാവധി മൂന്ന് വര്‍ഷത്തെ തടവ്, 1,202 യുഎസ് ഡോളര്‍ (RM5,000) പിഴ, ആറ് ചാട്ടവാറടി, അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും രണ്ട് ശിക്ഷ എന്നിവയ്ക്ക് വിധിക്കും. ടാറ്റൂ അടിക്കുന്നവര്‍ക്ക് 6 ചാട്ടവാറടി, ഇസ്ലാമില്‍ നിന്നും മതം മാറാന്‍ ശ്രമിച്ചാല്‍ മൂന്ന് വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിധി.
നിയമലംഘനം നടത്തുന്ന കുറ്റവാളികളെ ശിക്ഷിക്കുക മാത്രമല്ല, അവരെ പഠിപ്പിക്കാനും പുനരധിവസിപ്പിക്കാനും കൂടിയുള്ളതാണ് പുതിയ നിയമവ്യവസ്ഥകളെന്ന് അഹമ്മദ് യാക്കോബ് വ്യക്തമാക്കുന്നു. ഇസ്ലാമിക രീതികള്‍ കൃത്യമായി പാലിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ശരിയായ പാതയിലേക്ക് തിരികെ സഞ്ചരിക്കാന്‍ ഇത്തരം ശിക്ഷാരീതികള്‍ക്ക് സാധിക്കുമെന്നുമാണ് യാക്കോബ് പറയുന്നത്.
Discussion about this post