തിരുവനന്തപുരം : പാലക്കാട് ആര്എസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതികളായ എസ്ഡിപിഐക്കാരെ പിടിക്കാത്തതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
കേരളം കുറ്റവാളീസൗഹൃദ പോലീസിന്റെ നാട്
കുറ്റവാളീ സൗഹൃദത്തിന് കേളികേട്ട കേരള പോലീസ് ; അതാണ് പിണറായി ഭരണത്തിന്റെ മുഖമുദ്ര. കുറ്റവാളി ആരായാലും മുഖ്യമന്ത്രിക്ക് താല്പര്യമുള്ളവരാണെങ്കിൽ കേസും അറസ്റ്റും ഉണ്ടാകില്ല. ഇനി, കേസെടുത്താലും പ്രതികൾ ഇഷ്ടക്കാരാണെങ്കിൽ അവർക്ക് രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും എല്ലാ അവസരവും നൽകിയതിനുശേഷം മാത്രമെ പോലീസ് നടപടി സ്വീകരിക്കുകയുള്ളു. കുറ്റവാളികളോട് ഇത്രയ്ക്ക് അനുകമ്പയുള്ള പോലീസിനെ മറ്റെങ്ങും കാണാനാകില്ല.
കുറ്റകൃത്യത്തിന്റെ ഇര ആരായാലും മുഖ്യമന്ത്രിക്ക് ഇഷ്ടക്കാരനായ കുറ്റവാളിയെ രക്ഷിക്കുക എന്നതാണ് പോലീസ് നയം. മഹാരാജാസ് കോളേജിൽ എസ്ഡിപിഐക്കാർ കുത്തിക്കൊന്ന അഭിമന്യു എസ്എഫ്ഐ സഖാവായിരുന്നു. അഭിമന്യുവിന് വേണ്ടി പണപ്പിരിവ് നടത്തി. വലിയ തുക പിരിഞ്ഞു കിട്ടി. അതിലൊരു ചെറിയ തുക അഭിമന്യുവിന്റെ കുടുംബത്തിന് ചോര പണമായി നൽകി. ബാക്കി പാർട്ടിയെടുത്തു. അഭിമന്യുവിനെ കൊന്ന എസ്ഡിപിഐക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കോൺഗ്രസ്സുകാരനായ നൗഷാദിനെ കൊന്ന എസ്ഡിപിഐക്കാരും സുരക്ഷിതരാണ്. പോലീസും നിയമവും അവർക്കുമുന്നിൽ തലകുനിച്ചു വിടുവേല ചെയ്യുന്നു. ആർഎസ്എസുകാരനായ സഞ്ജിത്തിനെ കൊന്നതും എസ്ഡിപിഐക്കാരാണ്. പരസ്യമായി പലവട്ടം കൊലവിളി നടത്തിയിട്ടാണ് അവർ കൊല നടത്തിയത്. പ്രതികൾ എസ്ഡിപിഐക്കാരായതു കൊണ്ട് പിണറായി പോലീസ് അറസ്റ്റ് ചെയ്തില്ല. അവർക്കും സുരക്ഷിതരായി കഴിയാനുള്ള പഴുതൊരുക്കുകയാണ് പോലീസ് നയം.
എസ്ഡിപിഐക്കാർ കൊന്നാലും കൊല വിളിച്ചാലും കേസ്സെടുക്കേണ്ട എന്നാണ് പോലീസിന്റെ തീരുമാനം. എസ്ഡിപിഐക്കാർ അല്ലാത്ത, സ്വാധീനമുള്ള കുറ്റവാളികൾക്കും പിണറായി പോലീസ് സുരക്ഷയൊരുക്കും. രണ്ട് മോഡലുകൾ, ദുരൂഹസാഹചര്യത്തിൽ, പാതിരാത്രി കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കാവുന്ന എല്ലാ പ്രതികൾക്കും രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും എല്ലാ അവസരവും നല്കിയതിനു ശേഷമാണ് പോലീസ് അനങ്ങി തുടങ്ങിയത്. പത്തു ദിവസത്തിനു ശേഷമാണ് പ്രതിയായ ഹോട്ടൽ ഉടമയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് തേയില സൽക്കാരം നടത്തി പറഞ്ഞുവിട്ടത്. പോലീസിന്റെ തിരക്കഥ അനുസരിച്ച് ഉടമ അഭിനയിച്ചു, പോലീസിന്റെ കനിവ് കൊണ്ട് പ്രതികൾക്ക് ജാമ്യവും കിട്ടി.
വാളയാർ പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവർക്കും രക്ഷകരായി നിന്നത് പോലീസുതന്നെയാണ്. കൊലപാതകമല്ല ആത്മഹത്യയായിരുന്നു എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. ഇങ്ങനെ എത്രയെത്ര കേസുകളിലാണ് കുറ്റവാളികൾക്ക് കേരള പോലീസ് രക്ഷാകവചമെരുക്കുന്നത്. ഈ പോലീസ് നയം രൂപപ്പെടുത്തിയ മാർക്സിസ്റ്റ് പാർട്ടിയെ കുറിച്ച് ആർക്കും ഒരു ചുക്കുമറിയില്ല എന്നു പറയുന്നത് എത്രയോ ശരി.
കാൽ ഡസൻ ജയരാജന്മാർ, ഒരു ജോഡി കാരായിമാർ ഒരേയൊരു ഗോവിന്ദൻ മാഷ്, എല്ലാവർക്കും മുകളിൽ രാജാപാർട്ട് രംഗദുരൈ ആയി പിണറായി. ഇവർക്ക് മാത്രമെ ഈ പാർട്ടി രഹസ്യം മനസ്സിലാവുകയുള്ളു. ആറാമിന്ദ്രിയം കൊണ്ട് ഇക്കാര്യം മനസ്സിലാക്കിയിട്ടുള്ള സാംസ്കാരിക നായകരുണ്ട്. അവർ ഇനി സംസാരിക്കണമെങ്കിൽ ഇടതുപക്ഷം അധികാരത്തിൽനിന്നും പോകണം. അതുവരെ വായിക്ക് രുചിയായി എന്തെങ്കിലും തിന്നാൻ കിട്ടിയാൽ അതും ചവച്ച് മിണ്ടാതിരിക്കുന്നവരാണ് ഇക്കൂട്ടർ.
ഇവർക്കെല്ലാം ഇസ്ലാമിക തീവ്രവാദികളെയും അവർക്ക് സുരക്ഷ ഒരുക്കുന്ന പോലീസ് മന്ത്രി കൂടിയായ പിണറായി വിജയനെയും ഭയമാണ്. മാത്രമല്ല; ഭയസഹിതരായി കഴിയുന്നത് ലാഭകരവുമാണ്. ലാഭമോ, നീതിയോ ഏതുവേണമെന്ന ചോദ്യത്തിന് ‘ലാഭം മതി’ എന്നാണ് ഈ ഇടതു ശിങ്കങ്ങൾ ഒരേസ്വരത്തിൽ മുരുളുന്നത്.
(ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post