ഡൽഹി: കൂനൂർ സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി പരിശോധന തുടരുകയാണ്.
ബുധനാഴ്ച നടന്ന ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, സംയുക്ത സേനാ മേധാവിയുടെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ എന്നിവർ ഉൾപ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ എന്നിവരുടെ ഭൗതിക ദേഹങ്ങൾ കഴിഞ്ഞ ദിവസം ഡൽഹി കന്റോണ്മെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട നാല് സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞതായി വ്യോമ സേനയും രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞതായി കരസേനയും അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹവും ഇതിൽ ഉൾപ്പെടുന്നു.
വിംഗ് കമാൻഡർ ചൗഹാൻ, ജൂനിയർ വാറന്റ് ഓഫീസർ പ്രദീപ്, സ്ക്വാഡ്രൺ ലീഡർ കുൽദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, ലാൻസ് നായിക് ബി സായി തേജ, ലാൻസ് നായിക് വിവേക് കുമാർ എന്നിവരുടെ ഭൗതിക ദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
Discussion about this post