അഹമ്മദാബാദ്: പണവും തൊഴിലും വിവാഹവും വാഗ്ദാനം നൽകി മുപ്പത്തിയേഴ് ആദിവാസി കുടുംബങ്ങളെ ഇസ്ലാമിലേക്ക് മതം മാറ്റിയ കേസിൽ അഞ്ച് പ്രധാന പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ദാവൂദ് സുലൈമാൻ പട്ടേൽ, ഷബീർ മുഹമ്മദ് പട്ടേൽ, ഹസൻ ഇഷാ പട്ടേൽ, ഇസ്മയിൽ യാക്കൂബ്, അബ്ദുള്ള ആദം എന്നിവർക്കെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ മുഖ്യപ്രതിയായ അബ്ദുള്ള ആദം നിലവിൽ ലണ്ടനിലാണ് താമസം.
പ്രതികൾക്കെതിരെ സമൻസും ലുക്കൗട്ട് സർക്കുലറുകളും പുറപ്പെടുവിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ ഇതുവരെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. നാല് പ്രതികൾ ഒളിവിലാണ്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം പുറത്ത് പറഞ്ഞാൽ മതം മാറിയവരെയും അയൽക്കാരെയും കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണി മുഴക്കിയിരുന്നു.
മതപരിവർത്തനം നടത്തിയതിന് പ്രതിഫലമായി പ്രതികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും പതിനാല് ലക്ഷം രൂപ ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും കുറച്ച് പണം ഇവർ മതം മാറിയ ആദിവാസികൾക്ക് വിതരണം ചെയ്തിരുന്നു.











