കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് മുന്നണി പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. വാക്സിന് നിര്‍മ്മാണത്തിലും വിതരണത്തിലും രാജ്യം വന്‍ നേട്ടമുപണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാരില് 90 ശതമാനം പേര്‍ക്കും വാക്സിന് നല്കി. കൗമാരക്കാരുടെ വാക്സിനേഷനും സമയബന്ധിതമായി നടത്തി.
കോവിഡ് വെല്ലുവിളികള്‍ പെട്ടെന്ന് അവസാനിക്കില്ല. പോരാട്ടം തുടരേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തെ വികസനമാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത് എന്നും രാഷ്ട്രപതി പറഞ്ഞു. ഡോ ബി ആര് അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരി കാലത്ത് പാവപ്പെട്ടവര്‍ക്ക് എല്ലാവര്ക്കും സൗജന്യ ഭക്ഷണം നല്‍കാനായി. 19 മാസം കൊണ്ട് 260000 കോടി രൂപ മുടക്കി 80 കോടിയിലധികം പേര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്കി. സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി 2022 മാര്‍ച്ച് 31 വരെ നീട്ടി. ഹര് ഘര്‍ ജല്‍ എന്ന പദ്ധതി പ്രകാരം 6 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു. 44 കോടി ജനങ്ങള്‍ ബാങ്കിംഗ് ശൃംഖലയിലുണ്ട്. കാര്‍ഷിക മേഖലയില്‍ മികച്ച ഉത്പാദനം കൈവരിക്കാനായി. 11 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം 6000 രൂപ വീതം പ്രതിവര്‍ഷം നല്കി എന്നും രാഷ്ട്രപതി പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയ ബില്ലിനെ പരാമര്‍ശിച്ചു കൊണ്ട് മഹിളാ ശാക്തീകരണം സര്‍ക്കാരിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധിക്കാനുള്ള നിയമവും ഇതിന്റെ ഭാഗമായിരുന്നു എന്ന് രാഷ്ട്രപതി പറഞ്ഞു. നദീസംയോജന പദ്ധതികളുമായി മുന്നോട്ട് പോകും. സാമ്പത്തിക , തൊഴില്‍ രംഗത്തെ പരിഷ്ക്കരണം തുടരും. രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും രാഷ്ട്രപതി പ്രസംഗത്തില്‍ പറഞ്ഞു. സൈനിക ഉപകരണങ്ങളില്‍ പലതും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നും രാം നാഥ് കോവിന്ദ് അറിയിച്ചു.
Discussion about this post