കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു വാവക്ക് കടിയേറ്റത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ പാമ്പ് സുരേഷിന്റെ തുടയിൽ കടിക്കുകയായിരുന്നു.
പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിവരം.
രണ്ടാഴ്ച മുൻപ് വാവ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.











