ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് തള്ളിയ വി.ഡി സതീശന്റെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ആര്‍എസ്എസ് കേസ് നല്കിയാല് നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും. എന്നാല്‍ ആര്‍എസ്എസ് നല്കിയ കേസില്‍ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആര്‍എസ്എസ് ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവന്ന രാഹുല്‍ ഗാന്ധിയെയും സതീശന് ഓര്‍മ്മ വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
വിഡി സതീശന് വീണിടത്ത് കിടന്ന് ഉരുളുന്ന സതീശനാവരുത്. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ പറ്റി അഭിപ്രായപ്പെട്ടതും സജി ചെറിയാന് പറഞ്ഞതും അജഗജാന്തരമുണ്ട്. ലോകത്തെ വിവിധ ഭരണഘടനകളിലെ വിവിധ വശങ്ങള് ഇന്ത്യന്‍ ഭരണഘടനാ ശില്പികളെ സ്വാധീനിച്ചുവെന്നും അവ ഭരണഘടനയില്‍ ഇടംനേടിയിട്ടുണ്ടെന്നും നിരവധി ഭരണഘടനാ വിദഗ്ദര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഗുരുജിയും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങള്‍ക്ക് ഭരണഘടനയില്‍ ഇടം ലഭിച്ചില്ല എന്ന തിയോഡര്‍ഷെയുടെ കാഴ്ചപ്പാട് ഉദ്ധരിച്ചു കൊണ്ടാണ് ഗുരുജി അത് പറഞ്ഞത്. അത് ഗുരുജി ഗോള്‍വാക്കര്‍ക്ക് ഉന്നയിക്കാന്‍ അവകാശമുണ്ട്. അല്ലാതെ ബ്രിട്ടീഷുകാര്‍ എഴുതി കൊടുത്ത ഭരണഘടനയാണെന്ന് സജി ചെറിയാന് ദുര്‍വ്യാഖ്യാനം ചെയ്തത് പോലെ ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടില്ല. ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാന് ആവര്‍ത്തിച്ചതെന്ന സതീശന്റെ വാദം കളവാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Discussion about this post