മുംബൈ : നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെയോ, മാനേജർ ദിഷ സാലിയന്റെയോ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശിവസേനാ നേതാവും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെ. ദിഷ സാലിയന്റെ മരണത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്തിടെ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .
ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ലോക്‌സഭാംഗം രാഹുല്‍ ഷിവാലെയാണ് സുശാന്തിന്റെ മരണത്തില്‍ ആദിത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചത്. എന്നാൽ ദിഷ മരിച്ചപ്പോൾ താൻ ഇളയ സഹോദരനെ കാണാൻ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നുവെന്നാണ് ആദിത്യ താക്കറെ പറയുന്നത് . തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ആദിത്യ പറഞ്ഞു.
തനിക്ക് രാഹുൽ ഷിവാലെയോട് ഇപ്പോഴും സ്നേഹമുണ്ട് .മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഭൂമി കുംഭകോണത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഇങ്ങിനെയൊക്കെ പറയുകയാണെന്നുമാണ് ആദിത്യ താക്കറെയുടെ വാദം. സുശാന്തിന്റെയും ദിഷയുടെയും മരണത്തിൽ ആദിത്യ താക്കറെയ്‌ക്ക് പങ്കുണ്ടെന്ന കാര്യം അന്വേഷിക്കണമെന്നാണ് രാഹുൽ ഷെവാലും , ബിജെപിയും ആവശ്യപ്പെടുന്നത്.
സുശാന്തിന്റെ കാമുകിയും കേസില്‍ ആരോപണ വിധേയയുമായിരുന്ന റിയ ചക്രവര്‍ത്തിക്ക് 44 ഫോണ്‍കോളുകളാണ് ‘എയു’ (AU) എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറില്‍നിന്ന് വന്നത്. എയു എന്നത് ആദിത്യ താക്കറെയാണെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഷെവാലെ പറഞ്ഞിരുന്നു.









