ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉത്തരകാശി ജില്ലയിലെ വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താൻ പതാകയും പച്ച ബലൂണുകളും കണ്ടെത്തി. ഉറുദുവിലുളള എഴുത്തുകളും ഇതിനൊപ്പം ഉണ്ട്. ഉത്തരകാശിയിലെ തുലിയാഡയിലാണ് സംഭവം.
പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പതാകയും മറ്റ് സാധനങ്ങളും കസ്റ്റഡിയിലെടുത്തു. സംഭവം ദേശീയ സുരക്ഷാ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
ഈ പ്രദേശം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയല്ല. ചൈനയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും അത് ഇവിടെ നിന്നും 70 കിലോമീറ്ററോളം ദൂരെയാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ഉപേക്ഷിച്ചതാകാനാണ് സാദ്ധ്യതയെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
ലാഹോർ ബാർ അസോസിയേഷന്റെ ഏതാനും ബാനറുകളും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്. കശ്മീരിലും പഞ്ചാബിലും ഉൾപ്പെടെയുളള അതിർത്തി മേഖലകളിൽ പാകിസ്താൻ എയർലൈൻസിന്റെ മാതൃകയിലുളള ബലൂണുകൾ നേരത്തെ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ ഇത്തരം സാധനങ്ങൾ എത്താൻ യാതൊരു സാദ്ധ്യതയും ഇല്ലെന്നും അതുകൊണ്ടു തന്നെ ആരോ ഉപേക്ഷിച്ചതാകാനാണ് സാദ്ധ്യതയെന്നും ആണ് പോലീസിന്റെ പ്രാഥമിക നിഗമനം.










