പാമ്പിനെ ബാഗിനുള്ളിൽ കുത്തിത്തിരുകി വിമാനത്തിൽ കയറ്റി കൊണ്ടു പോകാനുള്ള ശ്രമവുമായി യുവതി. ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. നാല് അടി നീളമുള്ള പാമ്പിനെയാണ് ഇവർ ബാഗിനുള്ളിൽ കുത്തി നിറച്ച് വച്ചത്. സുരക്ഷാ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതോടെ പാമ്പിനെ കൊണ്ടുപോകാൻ കഴിയില്ലെന്ന് ട്രാൻപൊർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിക്കുകയായിരുന്നു.
വിമാനത്തിൽ കയറുമ്പോൾ കയ്യിൽ കരുതാവുന്ന ബാഗിലാണ് ഇവർ പാമ്പിനേയും വച്ചത്. ഷൂസ്, ലാപ്‌ടോപ്പ് തുടങ്ങിയവയും ഇതിനുള്ളിൽ ഉണ്ടായിരുന്നു. എക്‌സറേ പരിശോധനയിലാണ് ബാഗിന്റെ ഒരു മൂലയിലായി ബോ കൺസ്ട്രിക്റ്റർ എന്ന കൂറ്റൻ പാമ്പിനേയും വച്ചത്. ഇതോടെ പാമ്പ് തന്റെ വളർത്തു മൃഗമാണെന്നും കൊണ്ടു പോകാൻ അനുമതി നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
എന്നാൽ പാമ്പിനെ വിമാനത്തിനുള്ളിൽ കയറ്റാനാകില്ലെന്ന് വിമാനക്കമ്പനിയും അറിയിച്ചു. ഇതോടെ പാമ്പിനെ ഉപേക്ഷിച്ചാണ് യുവതി തന്റെ യാത്ര തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷമില്ലാത്ത തരം പാമ്പുകളാണ് ബോവ കൺസ്ട്രിക്റ്ററുകൾ. കൂറ്റൻ പാമ്പുകളായ ഇവയ്ക്ക് ഇരയെ ഞെക്കിക്കൊല്ലാൻ സാധിക്കും.












