ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പാരീസ് നഗരം ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിലെ അതിർത്തികൾ ഉടൻ അടയ്ക്കണമെന്ന് അദ്ദേഹം മാക്രോണിനോട് ആവശ്യപ്പെട്ടു. കുടിയേറ്റക്കാരാണ് രാജ്യത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി.
വർഷങ്ങൾക്ക് മുമ്പ് താൻ മാക്രോണിന് ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഫ്രാൻസിലേക്ക് പ്രവേശനം നൽകിയത് വലിയ തെറ്റാണെന്ന് താൻ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിലെ വിദ്യാലയങ്ങളോ മറ്റ് കാര്യങ്ങളോ അല്ല പ്രശ്നം, മറിച്ച് കുടിയേറ്റ നയം മാത്രമാണ് പ്രശ്നങ്ങൾക്ക് കാരണം. കുടിയേറ്റക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ യൂറോപ്പിന്റെ ഭാവി അപകടത്തിലാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മാക്രോൺ തൻ്റെ നല്ല സുഹൃത്താണെങ്കിലും അതിർത്തികൾ ഉടൻ പൂട്ടിയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ ക്രമസമാധാനം വീണ്ടെടുക്കാൻ അധികൃതർ കടുത്ത നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാരീസ്, ലില്ലി, നൈസ് തുടങ്ങിയ നഗരങ്ങളിൽ പ്രാദേശികമായി രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ നടത്തുന്ന കൊള്ളയടിക്കലും ആക്രമണങ്ങളും കാരണം അയ്യായിരത്തോളം കടകൾക്കും ബിസിനസുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഘർഷത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി.








