അഹമ്മദാബാദ്: വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. ഗുജറാത്ത് യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്‌സൽ ലഖാനിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഹിന്ദു പേരിൽ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു അഫ്‌സൽ ബ്രാഹ്മണർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഹിന്ദു മതത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവനകളും ഇതിലൂടെ നടത്തിയിരുന്നു. ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ഇതിലൂടെ അഫ്‌സൽ ലക്ഷ്യമിട്ടിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെൻ അന്തരിച്ചതിന് പിന്നാലെ അഫ്‌സൽ സ്വന്തം സമൂഹമാദ്ധ്യമ അക്കൗണ്ടുവഴി അധിക്ഷേപ പരാമർശവുമായി രംഗത്ത് വന്നിരുന്നു. ഇതിൽ അറ്റിലായ അഫ്‌സൽ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അറസ്റ്റിന് ശേഷം ഇയാളുടെ സമൂഹമാദ്ധ്യ ഇടപെടലുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് ഹിന്ദുക്കളുടെ പേരിൽ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ രൂപീകരിച്ച് സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി വ്യക്തമായത്. ഇതോടെ ഇതിൽ കേസ് എടുക്കുകയായിരുന്നു.
ജിഗാർ തക്കാർ എന്ന പേരിലാണ് ഇയാൾ വിവിധ സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ രൂപീകരിച്ചത്. വർഗ്ഗീയ പ്രചാരണത്തിന് പുറമേ രാഷ്ട്രീയ പരാമർശങ്ങൾ നടത്താനും അഫ്‌സൽ ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ആർഎസ്എസ്-ബിജെപിയ്‌ക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും ഇയാൾ അക്കൗണ്ടുകൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ, 295എ, 298, 499, 500, 501, 502(2) എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അതേസമയം സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാദ്ധ്യമ ഉപയോക്താക്കൾ രംഗത്ത് എത്തി. ഭാരതത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ പ്രവർത്തകർ മനുഷ്യരെ തമ്മിൽ തലിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിമർശനം.
Leave a Comment