തിരുവനന്തപുരം: ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ പിരിച്ചു വിടാനുള്ള 10 ഉദ്യോഗസ്ഥരുടെ പട്ടിക കൂടി പോലീസ് ആസ്ഥാനത്ത് തയ്യാറായി. ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശപ്രകാരം ഇവരുടെ ഫയലുകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് തുടങ്ങി. ഒരു ഡയറക്ട് സബ് ഇൻസ്പെക്ടർ, ഏഴ് ഇൻസ്പെക്ടർമാർ, 2 ഡിവൈഎസ്പിമാർ എന്നിവരാണ് പട്ടികയിലുള്ളത്. പതിവായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അയോഗ്യരാക്കുന്ന പോലീസ് ആക്ടിലെ സെക്ഷൻ 86 പ്രകാരമാണ് സുനുവിനെ പിരിച്ച് വിട്ടത്. 16 തവണ വകുപ്പ് തല നേരിട്ട സുനു 15 കേസുകളിലും പ്രതിയാണ്.
ഇതേ വകുപ്പ് പ്രകാരം പട്ടികയിലുള്ള 10 പേരെയും പിരിച്ച് വിടാനാണ് തീരുമാനം. ഇവർക്ക് നോട്ടീസ് അയച്ച് ഹിയറിംഗ് നടത്തി ഒരു മാസത്തിനകം അന്തിമ തീരുമാനം എടുക്കും. പിരിച്ചുവിടേണ്ടവരുടെ പട്ടികയിൽ 59 പോലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇവരെ പിരിച്ച് വിടുന്നത്.
സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ പോലീസ് മേധാവിക്കും എസ്ഐമാർക്കെതിരെ ഡിഐജിക്കും സിഐമാർക്കെതിരെ ഐജിക്കും എഡിജിപിമാർക്കും ഡിവൈഎസ്പിമാർക്കെതിരെ സർക്കാരിനും പിരിച്ചു വിടൽ നടപടി സ്വീകരിക്കാം. ഇതിനെതിരെ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്ക് തൊട്ടുമുകളിലുള്ളവർക്ക് റിപ്പോർട്ട് നൽകാം. അതിന് ശേഷം സർക്കാരിനും നൽകാവുന്നതാണ്. ഇനിയുള്ള പിരിച്ചുവിടൽ നടപടികൾ ഡിഐജി, ഐജി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിക്കാനാണ് നീക്കം. നിലവിൽ കേരള പോലീസിലെ 828 പേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
Discussion about this post