ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ കന്നിക്കാരായ ചിലിക്കെതിരെ ന്യൂസിലൻഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കിവീസിന്റെ വിജയം.
മത്സരത്തിന്റെ ആദ്യ പാദത്തിൽ സാം ലെയ്ൻ ആണ് ന്യൂസിലൻഡിന്റെ ആദ്യ ഗോൾ നേടിയത്. അധികം വൈകാതെ സാം ഹിഹ കിവീസിന്റെ രണ്ടാം ഗോൾ നേടി. തുടർന്ന് ടറാന്റ് പച്ചക്കാർഡ് കണ്ട് പുറത്തായി.
പത്തൊൻപതാം മിനിറ്റിൽ ഹിഹ തന്റെ രണ്ടാം ഗോളിലൂടെ ന്യൂസിലൻഡിന്റെ ലീഡ് വീണ്ടും ഉയർത്തി. ചിലിയൻ താരത്തിൽ നിന്നും തട്ടിയെടുത്ത പന്ത് സൈമൺ ചൈൽഡ് ഹിഹക്ക് കൈമാറി. ഹിഹ ഇത് ഗോളാക്കി മാറ്റുകയും ചെയ്തു.
അവസാന പാദത്തിൽ ഇഗ്നേഷ്യോ കോണ്ട്രാഡോ ആണ് ചിലിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ സമ്മാനിച്ചത്. അവസാന നിമിഷം ലഭിച്ച അവസരവും മുതലാക്കാൻ ചിലിക്ക് സാധിക്കാതെ വന്നതോടെ മത്സരം 3-1 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു.








