ന്യൂഡൽഹി: ഒളിവിലുള്ള അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി ദാവൂദിന്റെ അനന്തരവൻ. പാകിസ്താനിലെ കറാച്ചിയിൽ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ മകനായ അലിഷാ ഇബ്രാഹിം പാർക്കറാണ് ചോദ്യം ചെയ്യലിൽ ഈ വിവരം എൻഐഎയ്ക്ക് കൈമാറിയത്.
ദാവൂദ് രണ്ടാമത് വിവാഹിതനായെന്നും, രണ്ടാം ഭാര്യ പത്താൻ സ്വദേശിയാണെന്നും ഇയാൾ വെളിപ്പെടുത്തി. ആദ്യ ഭാര്യ മെഹ്ജബീനുമായി ദാവൂദ് ഇപ്പോഴും വിവാഹബന്ധം വേർപെടുത്തിയിട്ടില്ല. മുംബൈയിലെ ബന്ധുക്കളുമായും ദാവൂദ് ഇപ്പോഴും ബന്ധപ്പെടാറുണ്ട്. കഴിഞ്ഞ വർഷം ദുബായിൽ വച്ച് മെഹ്ജബീനെ കണ്ടിരുന്നുവെന്നും അലിഷാ പറയുന്നു.
ദാവൂദ് ഇബ്രാഹിമിനും കൂട്ടാളിയായ ഛോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷം എൻഐഎ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നാലെ ഡി കമ്പനിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ വൻതോതിൽ ഹവാല പണം കൈപ്പറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Discussion about this post