തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി അധിക്ഷേപ വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ വാദങ്ങളെ തള്ളി സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. അടൂർ സാറിനെ പോലെ ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇതുപോലെ പച്ചക്കള്ളം പറയരുത്. സത്യസന്ധമായ ആരോപണങ്ങൾ മാത്രമാണ് ഞങ്ങൾ പറയുന്നത്. ഞങ്ങളെ കൊണ്ട് സ്ക്രബ്ബർ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി അവർക്ക് പറയാൻ പറ്റുമോയെന്ന് ശുചീകരണ തൊഴിലാളികൾ ചോദിച്ചു.
ശങ്കർമോഹൻ സാറിന്റെ വീട്ടിൽ നേരിട്ട ദുരവസ്ഥയാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ തങ്ങളുടെ തിക്താനുഭവങ്ങൾ എന്താണെന്ന് ചോദിക്കാൻ പോലും അടൂർ തയ്യാറായില്ലെന്നും ശുചീകരണ തൊഴിലാളികൾ പറഞ്ഞു.
ശുചീകരണത്തൊഴിലാളികളിൽ പട്ടിക ജാതിക്കാർ ഇല്ലെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. അഞ്ചുപേരാണ് ഇവിടെ ശുചീകരണത്തൊഴിലാളികളായി ഉള്ളത്. അതിൽ ഒരാൾ ദളിത് വിഭാഗത്തിൽ പെട്ടയാളാണ്. മൂന്ന് പേർ വിധവകളാണ്. അവർ ഒബിസി വിഭാഗത്തിൽപ്പെട്ടവരും മറ്റൊരാൾ നായരാണെന്നും ജീവനക്കാർ വ്യക്തമാക്കി.
ഇന്ന് തലസ്ഥാനത്ത് നടന്ന വാർത്താ സമ്മേളത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ താൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തിൽ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാദ്ധ്യമങ്ങൾ പോലും കാണിച്ചതെന്നും അടൂർ പറഞ്ഞു. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായ വിദ്വാന് സമരാസൂത്രണത്തിൽ പങ്കുണ്ട്. പിആർഒ അടക്കം ചില ജീവനക്കാരും ഒളിപ്രവർത്തനം നടത്തിയെന്നും അടൂർ ആരോപിച്ചു. സ്ഥാപനത്തിൽ ജാതി വിവേചനം നടന്നിട്ടില്ലെന്ന് തന്നെയായിരുന്നു അടൂരിന്റെ വാദം.
Discussion about this post