കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനിഷ്ടസംഭവങ്ങള്‍ നേരിടാന്‍ 11 കമ്പനിസേനയെയാണ് ജില്ലയില്‍ വിന്യസിക്കുക. ജില്ലയിലെ പോലീസ് സേനയ്ക്ക് പുറമെ കര്‍ണ്ണാടക പോലീസിന്റെ ഒരു കമ്പനിയും എറണാകുളത്ത് നിന്ന് നാലു കമ്പനിയും തണ്ടര്‍ ബോള്‍ട്ടും ആന്റി നക്സല്‍ സ്ക്വാഡും ജില്ലയില്‍ തമ്പടിക്കുന്നുണ്ട്. ഈ ബൂത്തുകള്‍ പൂര്‍ണമായും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.
ഏതെങ്കിലും ഇടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ പെട്ടെന്ന് എത്തിച്ചേരാവുന്ന വിധത്തില്‍ 90 പട്രോളിംഗ് സംഘങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ണ്ണ സജ്ജരായി നിലയുറപ്പിക്കും. ഉത്തര മേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി നേരിട്ട് ജില്ലയിലത്തെി സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തി. 11 ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
Discussion about this post